ഇൻഡോർ: ഇന്‍ഡോറിലെ ഭഗീരഥ്പുരയില്‍ മലിനജലം ഉപയോഗിച്ചതിനെത്തുടര്‍ന്നുണ്ടായ മരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ച് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുശീല്‍ കുമാര്‍ ഗുപ്തയാണ് ഏകാംഗ കമ്മീഷന്.
ഭഗീരഥ്പുരയില്‍ കുടിവെള്ളം മലിനമാകാന്‍ ഉണ്ടായ യഥാര്‍ത്ഥ കാരണം, മലിനീകരണത്തിന്റെ സ്വഭാവം, മലിനജലം കുടിവെള്ള പൈപ്പുമായി കലര്‍ന്നതാണോ എന്നത്, ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ എന്നിവരെക്കുറിച്ച് കമ്മീഷന് അന്വേഷിക്കും.
സര്‍ക്കാരിന്റെ കണക്കനുസരിച്ച് 16 മരണങ്ങളാണ് ഈ ദുരന്തവുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ 24ലധികം ആളുകള്‍ മരിച്ചതായി നാട്ടുകാര്‍ ആരോപിക്കുന്നു. വാര്‍ഡിലെ നൂറുകണക്കിന് ആളുകള്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ചിരുന്നു.
കുടിവെള്ളത്തില്‍ മലിനജലം കലരുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന 'ജീവിക്കാനുള്ള അവകാശത്തിന്റെ' ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. നിഷ്പക്ഷവും വിശ്വസനീയവുമായ ഒരു അതോറിറ്റിയുടെ അന്വേഷണം അത്യാവശ്യമാണെന്ന് കോടതി വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നേരത്തെ ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. ഒരു പൊതു ശൗചാലയത്തില്‍ നിന്നുള്ള മലിനജലം കുടിവെള്ള പൈപ്പില്‍ കലര്‍ന്നതാണ് പ്രശ്നകാരണമെന്നും ആ ശുചിമുറി പൊളിച്ചുമാറ്റിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഈ റിപ്പോര്‍ട്ടിലെ ശാസ്ത്രീയമായ തെളിവുകളെ കോടതി ചോദ്യം ചെയ്തു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കുന്നതിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കമ്മീഷന് സമര്‍പ്പിക്കും. നിലവില്‍ ദുരിതബാധിതര്‍ക്ക് സൗജന്യ ചികിത്സയും ശുദ്ധമായ കുടിവെള്ളവും ഉറപ്പാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.